Saturday, June 11, 2011

Art of Achuthan Kudallur- ചിന്തയുടെ കടവിലെത്തിയ വര്‍ണ്ണസല്ലയം


ചിന്തയുടെ കടവിലെത്തിയ വര്‍ണ്ണസല്ലയം



പ്രതിനിധാനരീതിയില്‍നിന്നുള്ള കലാകാരന്റെ പൂര്‍ണ്ണമോ ഭാഗികമോ ആയ വിടുതലാണ്‌ അമൂര്‍ത്തകല. ഒരു വ്യക്തിയെയോ സ്ഥലത്തെയോ വസ്‌തുവിനെയോ അല്ല അമൂര്‍ത്തചിത്രത്തില്‍ കാണുക. അമൂര്‍ത്ത കലയില്‍ സവിശേഷമുദ്ര പതിപ്പിച്ച ചിത്രകാരനാണ്‌ അച്യുതന്‍ കൂടല്ലൂര്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അമൂര്‍ത്തകലയില്‍ ധ്യാനസ്ഥലിയൊരുക്കുന്നു. കാഴ്‌ചകള്‍ പുറന്തിരിയുന്ന കാഴ്‌ചയാണ്‌ അമൂര്‍ത്തകലയിലെ സ്ഥായീഭാവമെന്നു പറയാം. `യാഥാര്‍ത്ഥ്യമെന്നത്‌ ഇതാണ്‌' എന്നു ദ്യോതിപ്പിക്കുന്ന സമൂര്‍ത്തതയുടെ നിര്‍ണ്ണയങ്ങളെ ചൊടിപ്പിച്ചുകൊണ്ട്‌, ``ആ കാഴ്‌ചയുടെ മറുവശം ഇങ്ങനെയാവാം'' എന്ന വ്യഞ്‌ജനയിലണയുന്ന കലയാണ്‌ അമൂര്‍ത്തത. വക്രമോ അതിശയോക്തിപരമോ ആയ രീതിയില്‍പ്പോലും അത്‌ ചിത്രീകരിക്കുന്നില്ല. അമൂര്‍ത്തകലയില്‍ ഒരു രചനയുടെ വിഷയം ആധാരമാക്കപ്പെടുന്നത്‌ നിറങ്ങളിലൂടെയും രൂപങ്ങളിലൂടെയും തൂലികാചലനങ്ങളിലൂടെയുമാണ്‌ എന്ന്‌ അച്യുതന്‍ കൂടല്ലൂര്‍ തെളിയിക്കുന്നു. രൂപരഹിതമായ രൂപങ്ങളുടെ സമ്മിളിതാവിഷ്‌കാരത്തിനു വേണ്ടിയുള്ള വാഞ്‌ഛ അതില്‍ തുടിക്കുന്നു.?
ലോകത്തിലെ ദൃശ്യസൂചകങ്ങളില്‍നിന്നുള്ള ഒരു പ്രത്യേക തലത്തിലുള്ള വിമോചനം കാംക്ഷിച്ചുകൊണ്ട്‌ രൂപം, നിറം, വര എന്നിവയുടേതായ ഒരു ദൃശ്യഭാഷ സൃഷ്‌ടിക്കുന്നുണ്ട്‌ അദ്ദേഹം. ഇത്തരമൊരു ദൃശ്യാനുഭവത്തിലൂടെ ഭാവുകത്വപരമായി ചില പുതിയ ആകാശങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. രൂപാത്മകകല(figurative art)യില്‍നിന്ന്‌ സ്വയം വിടുതല്‍ പ്രാപിച്ച അമൂര്‍ത്തകല രൂപത്തെ സംബന്ധിച്ചുള്ള പൂര്‍വ്വനിശ്ചിതത്വങ്ങളെ കാരുണ്യപൂര്‍വ്വം തള്ളിക്കളയുന്നു. ഇത്‌ കലാകാരന്റെ മാത്രമല്ല, കലയുടെ കൂടി സ്വത്വപ്രഖ്യാപനമായി പരിണമിക്കുന്നു. `ആയിത്തീര്‍ന്ന ലോകത്തിന്റെ' വീണ്ടുവിചാരങ്ങളുടെ അനിഷേധ്യ മായ തീര്‍പ്പുകള്‍ക്കുള്ളിലാണ്‌ `രൂപം' നിലനില്‍ക്കുന്നത്‌. രൂപം സമം യാഥാര്‍ത്ഥ്യം എന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുവാന്‍ ഇത്‌ എളുപ്പവഴിയൊരുക്കുന്നു! പശ്ചാത്തലമാണ്‌ രൂപത്തിന്റെ സ്വഭാവത്തെയും ധര്‍മ്മത്തെയും പരുവപ്പെടുത്തുന്നത്‌. ഇത്‌ പലപ്പോഴും രൂപത്തെ പശ്ചാത്തലത്തില്‍നിന്നും കുതറിനില്‍ക്കു വാന്‍ പ്രേരിപ്പിക്കുകയും, അങ്ങനെ രൂപം എന്നതു മാത്രമായുള്ള യാഥാര്‍ത്ഥ്യം പിറക്കുകയും ചെയ്യുന്നു. രൂപത്തിനെതിരെയുള്ള കലാപമായിട്ടാണ്‌ അമൂര്‍ത്തകല ആവിര്‍ഭവിക്കുന്നതുതന്നെ. രൂപത്തിന്റെ കൃത്യ മായ വടിവുകള്‍ക്ക്‌ അമൂര്‍ത്തകലയില്‍ അത്രമേല്‍ പ്രാധാന്യം വരുന്നില്ല. നിറങ്ങളുടെ അനുസ്യൂതിയിലാണ്‌ അമൂര്‍ത്തകല പുലരുന്നത്‌. നിറങ്ങളുടെ തോറ്റങ്ങളില്‍ രൂപം മിന്നിമറയുന്ന ദൃശ്യാനുഭവമാണ്‌ അത്‌ പകരുന്നത്‌. അച്യുതന്‍ കൂടല്ലൂരിന്റെ കലയില്‍ ഇതിന്റെ പെരുമയാര്‍ന്ന മാതൃക നമുക്കു ദര്‍ശിക്കുവാന്‍ കഴിയും.
`ലോകത്തിന്റെ യാഥാര്‍ത്ഥ്യ'ത്തില്‍ നിന്ന്‌ `കലയിലെ യാഥാര്‍ത്ഥ്യ'ത്തിലേക്കുള്ള ചുവടുവെപ്പാണ്‌ അമൂര്‍ത്തകലയില്‍ സംഭവിക്കുന്നത്‌ എന്ന്‌ അച്യുതന്‍ കൂടല്ലൂരിന്റെ ചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. കാണുന്ന ഒന്നിനെ ആധാരമാക്കിയുള്ള വ്യാഖ്യാനമാണ്‌ സമൂര്‍ത്തത(Realism)യെങ്കില്‍, കാണാത്ത ഒന്നിനെ തേടുന്ന കലാത്മകപഥമാണ്‌ അമൂര്‍ത്തത എന്നു പറയേണ്ടിവരും. `കൃത്യത' എന്നതിനെ `ശാസ്‌ത്രീയത' എന്നായി സ്വീകരിച്ചുകൊണ്ടാണ്‌ ലോകം ചരിച്ചിട്ടുള്ളതെന്നു നമുക്കറിയാം. അനിഷേധ്യമായ ആധികാരികത ആ കൃത്യത്തിനു ലഭിച്ചു. അങ്ങനെ സംഭവിച്ചപ്പോള്‍ വസ്‌തുക്കള്‍ക്കും വസ്‌തുതകള്‍ക്കും പാരസ്‌പര്യം വരികയും ഇളക്കംതട്ടാത്ത അനിവാര്യതയായി കാര്യങ്ങള്‍ മാറുകയും ചെയ്‌തു. നടരാജഗുരുവിനെപ്പോലുള്ള ജ്ഞാനികള്‍ ശാസ്‌ത്രത്തെ കലയുമായും ആദ്ധ്യാത്മികവിദ്യയുമായും ചേര്‍ത്തുവെച്ച സന്ദര്‍ഭങ്ങളിലൊക്കെ ഈ പ്രമാണത്തെയാണ്‌ അരക്കിട്ടുറപ്പിച്ചത്‌. ``ശാസ്‌ത്രം കൃത്യതയെ തേടുന്നു'' (Science seeks certitude) എന്നാണല്ലോ അദ്ദേഹം കുറിച്ചുവെച്ചത്‌. വസ്‌തുവിന്റെയോ രൂപത്തിന്റെയോ അസ്‌തിത്വത്തില്‍ ഊന്നുമ്പോള്‍ മാത്രമേ ഇത്‌ സാദ്ധ്യമാവൂ എന്ന പരിമിതി ഇതിനെ ചുറ്റിവരിയുന്നുണ്ട്‌! രൂപരഹിതമായ രൂപത്തിലേക്ക്‌ വര്‍ണ്ണാഭമായി സഞ്ചരിക്കുക എന്ന തത്ത്വത്തെ ഉയര്‍ത്തിപ്പിടിക്കുവാന്‍ അമൂര്‍ത്തകല പ്രേരിപ്പിക്കപ്പെട്ടത്‌ ഇങ്ങനെയാണെന്ന്‌ അച്യുതന്‍ കൂടല്ലൂരിന്റെ കല തെളിയിക്കുന്നു.
അമൂര്‍ത്തകലയുടെ മൂലസ്രോതസ്സുകളില്‍ പ്രധാനപ്പെട്ടത്‌ എക്‌സ്‌പ്രഷനിസമാണ്‌. സമകാലികാലാനുഭവത്തിന്റെ പ്രത്യക്ഷതയായിട്ടോ പ്രതികരണമായിട്ടോ ആണ്‌ എക്‌സ്‌പ്രഷനിസം വന്നത്‌. വ്യക്തിയുടെ മനഃശാസ്‌ത്രപരമായ തലങ്ങളുടെ ആവിഷ്‌കാരമെന്ന നിലയില്‍ ആവിര്‍ഭവിച്ച ആ പ്രസ്ഥാനം വ്യക്തിയും കലയും തമ്മിലുള്ള ബന്ധത്തെ സത്താപരമായി വ്യഞ്‌ജിപ്പിക്കുന്നതില്‍ ഔത്സുക്യം കാണിച്ചു. അമൂര്‍ത്തതയിലേക്കുള്ള പ്രാര്‍ത്ഥനാവഴിഅതില്‍ മിന്നിമറയുന്നു. പോള്‍ ഗോഗിനും ഷൊര്‍ഷ്‌ സ്യൂറേയും വിന്‍സെന്റ്‌ വാന്‍ഗോഘും പോള്‍ സെസേനും ഉള്‍പ്പെടുന്ന സമ്പന്നമായ ഇംപ്രഷനിസം പിന്നീട്‌ അമൂര്‍ത്തകലയെ കരുപ്പിടിപ്പിക്കുന്നതു കാണാം. നദി എന്ന മഹാപ്രവാഹത്തിലേക്ക്‌ വൈവിദ്ധ്യപൂര്‍ണ്ണമായ ഘട്ടങ്ങളില്‍നിന്ന്‌ കൈവഴികള്‍ വന്നെത്തുമ്പോള്‍ ലഭിക്കുന്ന ബഹുസ്വരതപോലെയാണ്‌ അമൂര്‍ത്തകല ചില കലാകാരന്മാരിലൂടെ വികാസംപ്രാപിച്ചത്‌ എന്നാണ്‌ ഇവിടെ പറഞ്ഞുവരുന്നത്‌. അച്യുതന്‍ കൂടല്ലൂര്‍ അവതീര്‍ണ്ണമാക്കിയ അമൂര്‍ത്തചിത്രങ്ങളുടെ പശ്ചാത്തലം ഇതിനു സമാനമാണ്‌.
സാഹിത്യബദ്ധതയാണ്‌ അച്യുതനെ മറ്റു ചിത്രകാരന്മാരില്‍നിന്നും വ്യത്യസ്‌തനാക്കുന്ന ഘടകം. ചെറുകഥകളെഴുതിക്കൊണ്ടാണ്‌ അദ്ദേഹം കലാലോകത്തു പ്രവേശിച്ചത്‌. രേഖാചിത്രങ്ങളും ധാരാളമായി ചെയ്‌തിട്ടുണ്ട്‌. മള്‍ബെറി പുറത്തി റക്കിയ കൊച്ചുബാവയുടെ തെരഞ്ഞെടുത്ത കഥകള്‍ക്ക്‌ (കഥ: ടി വി കൊച്ചുബാവ) വരച്ച ചിത്രങ്ങള്‍ ഹൃദ്യ മായിത്തീര്‍ന്നതിനു പിന്നില്‍ അച്യുതന്റെ സാഹിത്യാഭിമുഖ്യമാണ്‌ വിളങ്ങുന്നത്‌. സംഭാഷണമധ്യേ സാഹിത്യരചനകളിലെ ചില രംഗങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുന്നത്‌ കൗതുകകരവും രസനീയവുമായ അനുഭവമാണ്‌. കസന്‍ദ്‌സാക്കീസിന്റെ സൊര്‍ബ ദ ഗ്രീക്ക്‌ എന്ന പ്രഖ്യാതകൃതിയിലെ അവസാനരംഗത്തെക്കുറിച്ച്‌ അദ്ദേഹം വിവരിച്ചത്‌ ഓര്‍മ്മവരുന്നു. അതിലെ നായകനായ സൊര്‍ബ ജനാലയില്‍ കൈകള്‍ നീട്ടിവച്ചുകൊണ്ട്‌ മൃതിയടയുന്ന കാഴ്‌ചപോലൊന്നിനെ ചിത്രീകരിക്കണം എന്നൊക്കെ അദ്ദേഹം പറയാറുണ്ട്‌. സൂക്ഷ്‌മദൃക്കായ ഒരു ചിത്രകാരന്റെ ലാവണ്യദര്‍ശനമാണത്‌. അതില്‍ നിരീക്ഷണത്തിന്റെ അപൂര്‍വ്വതയുണ്ട്‌. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള തീക്ഷ്‌ണനിറങ്ങള്‍ കലങ്ങിമറിയുന്ന ആവിഷ്‌കാരദ്യുതിയും കാണാം.
എന്നെ ഏറെ ആകര്‍ഷിച്ച അച്യുതന്‍ചിത്രം `മേഘമല്ലാര്‍' ആണ്‌. നീലനിറത്തിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ അടരുകള്‍കൊണ്ടു പടുക്കപ്പെട്ട ചിത്രവിതാനമാണത്‌. നീലനിറത്തിന്റെ വിവിധ മാപിനികളെ ഉപയോഗപ്പെടുത്തികൊണ്ട്‌ രാഗാലാപനം നടത്തുന്ന പ്രതീതിയുണര്‍ത്തുന്നു, ഈ ചിത്രം - നിറങ്ങളുടെ സിംഫണി. പ്രസ്‌തുത രചനയുടെ അടിസ്ഥാനത്തിലാണ്‌ ഞാന്‍ ഈ ചിത്രകാരനെ പിന്തുടര്‍ന്നത്‌. ഡല്‍ഹി യിലെ നാഷനല്‍ ഗ്യാലറി ഒഫ്‌ മോഡേണ്‍ ആര്‍ട്‌സിലാണ്‌ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. കണ്ണിന്റെ കലയായ ചിത്രകലയും കാതിന്റെ കലയായ സംഗീതവും ഒരു സവിശേഷതലത്തില്‍ സംഗമിക്കുമ്പോള്‍ ഇന്ദ്രിയസങ്കലനം സംഭവിക്കുന്നുവെന്നതിന്‌ അടിവരയിടുന്ന അനുഭവമാണ്‌ `മേഘമല്ലാര്‍' സൃഷ്‌ടിക്കുന്നത്‌. സ്വരങ്ങള്‍കൊണ്ടു മാത്രം പകരുവാന്‍ തക്കതായ ശ്രവ്യാനുഭൂതിയെ തനിക്കു സ്വന്തമായ നിറപ്രസ്‌താരത്തിന്റെ ഭൂമികയിലിരുന്നുകൊണ്ട്‌ വര്‍ണ്ണാനുഭൂതിയായി പരിവര്‍ത്തിപ്പിക്കുന്ന ഒരു തലം ഈ കലാകാരനിലുണ്ട്‌. ലാവണ്യബോധത്തെ ആഴത്തില്‍ ഗ്രസിച്ചുപോയ ഒരു കാലത്തില്‍ നിലയുറപ്പിച്ചുകൊ ണ്ടാണ്‌ ഇത്തരം രചനകളെ സ്‌പര്‍ശിച്ചെടുക്കേണ്ടത്‌. അടയാളങ്ങളുടെ സാദ്ധ്യതയും നിറത്തിന്റെ സാമഞ്‌ജസ്യവും ആസ്വാദകന്റെ ആത്മാവില്‍ മന്ത്രാലാപനങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ അത്‌ ഒരു കലാസൃഷ്‌ടിയുടെ പ്രസക്തിയെയും അനുസ്യൂതിയെയും ചരിത്രത്തില്‍ അടയാളപ്പെടുത്തുവാന്‍പോന്നതാണ്‌ എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക്‌ സൗന്ദര്യശാസ്‌ത്രപരമായ സ്‌പര്‍ശിനികള്‍ സിദ്ധിച്ചിട്ടുള്ളതിനാല്‍ അവ സാമഞ്‌ജസ്യത്തിലേക്ക്‌ അതിവേഗം ജാഗ്രത്തായിക്കോളും. കലാസ്വാദനത്തിലെ ഒരു സുപ്രധാന ചിട്ട അതാണ്‌.
നിറങ്ങള്‍ വികാരങ്ങളെ ഉദ്ദീപിപ്പിക്കുമെന്ന്‌ അമൂര്‍ത്തകലയുടെ പിതാമഹന്‍ വാസിലി കാന്റിന്‍സ്‌കി വിശ്വസിച്ചിരുന്നു. ചുവപ്പുനിറം ഊര്‍ജ്ജദായകവും, പച്ചനിറം ആന്തരികബലത്തെ ഊട്ടിയുറപ്പിക്കുന്നതും, നീലനിറം അഗാധവും അലൗകികവും, മഞ്ഞനിറം വിസ്‌മയഭരിതവും അസ്വാസ്ഥ്യജനകവും, വെളുത്തനിറം നിശബ്‌ദവുംപ്രത്യാശാനിര്‍ഭരവുമാണെന്ന്‌ അദ്ദേഹം വ്യാഖ്യാനിച്ചു. ഈ നിറങ്ങള്‍ക്കുതന്നെ ചില ഉപകരണങ്ങളുമായുള്ള ശബ്‌ദസാധര്‍മ്മ്യത്തെക്കു റിച്ചും അദ്ദേഹം വിശദീകരിച്ചു. ചുവപ്പുനിറം ട്രമ്പറ്റിന്റെയും, പച്ച മധ്യസ്ഥായിയിലുള്ള വയലിന്‍ന്റെയും, ഇളംനീല പുല്ലാങ്കുഴലിന്റെയും, കടുംനീല ചെല്ലോ യുടെയുടെയും, മഞ്ഞനിറം ട്രമ്പറ്റുകളുടെ ശ്രുതിലയത്തെയും, വെളുപ്പ്‌ ലയാത്മകമെലഡിയിലെ വിരാമത്തെയും സൂചിപ്പിക്കുന്നുണ്ടെന്ന്‌ അദ്ദേഹം ഭാവനചെയ്‌തു. വിയന്നയിലെ സംഗീതസമ്രാട്ടായ ആനോള്‍ഡ്‌ ഷോണ്‍ബെര്‍ഗിന്റെ രചനകളെ പ്രമാണമാക്കിയാണ്‌ അദ്ദേഹം അങ്ങനെ പ്രസ്‌താവിച്ചത്‌. കലയില്‍ ആവിര്‍ഭവിക്കേണ്ട ആത്മീയതയെപ്പറ്റി ഒരു നൂറ്റാണ്ടു മുമ്പ്‌ ഒരു സിദ്ധാന്തം തന്നെ മുളപ്പിച്ചെടുത്ത കലാകാരനാണ്‌ കാന്റിന്‍സ്‌കി. എന്നാല്‍, അത്‌ കേവലം ദൈവകേന്ദ്രിതമായിരുന്നില്ല എന്നു നാം തിരിച്ചറിയുന്നത്‌ അദ്ദേഹത്തിന്റെ രചനകളുടെ അടിസ്ഥാനത്തിലാണ്‌. നമുക്കു മുമ്പിലുള്ള ദൃശ്യലോകം ആത്മീയമണ്ഡലത്തെക്കൂടി അന്തര്‍വ്വഹിക്കുന്നുണ്ട്‌ എന്നു വിശദീകരിച്ചപ്പോള്‍, കലാകാരന്‍ അവന്റെ സത്തയില്‍ സ്‌പര്‍ശിച്ച്‌ ആവിഷ്‌കരിക്കേണ്ടുന്ന സവിശേഷലോകത്തെയാണ്‌ അദ്ദേഹം അഭിദര്‍ശിച്ചത്‌. താന്‍ കാണുന്നതും ഇടപെടുന്നതുമായ ലോകത്തെ ആവിഷ്‌കരിക്കുവാന്‍ അച്യുതന്‍ കൂടല്ലൂര്‍ തെരഞ്ഞെടുത്തത്‌ താന്ത്രികവര്‍ണ്ണഭേദമൊരുക്കിയ അമൂര്‍ത്തകലയെയാണ്‌ എന്നത്‌ യാദൃച്ഛികമല്ല.
നമ്മുടെ പൊതുവിചാരങ്ങളില്‍ ഉറഞ്ഞുകൂടിയിട്ടുള്ള ചില അയുക്തികളെക്കുറിച്ച്‌ ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ `അയുക്തികത' എന്നു പ്രയോഗിച്ചതുതന്നെ അല്‍പം പേടിയോടെയാണ്‌! കാരണം, അയുക്തികത എന്നത്‌ തികച്ചും പാശ്ചാത്യമാണ്‌ എന്ന ഒരു ധാരണ ഇവിടെ പരക്കെയുണ്ട്‌. ആ സംജ്ഞയെ ഉടന്‍ `അസംബന്ധം' എന്നാക്കി മാറ്റുവാനുള്ള വിരുതും ചെറുതല്ല. ജ്യാമിതിയും അമൂര്‍ത്തകലയും തമ്മിലുള്ള ദൂരത്തെ ഗണ്യമായി വെട്ടിച്ചുരുക്കിയ കാന്റിന്‍സ്‌കിയെ സ്വീകരിക്കുവാന്‍ ഒരു മടിയുമില്ലാത്ത നമ്മള്‍ ഇവിടുത്തെ ചിത്രകാരന്മാരെ സ്വീകരിക്കുവാന്‍ പക്ഷേ തെല്ല്‌ അറച്ചുനില്‍ക്കും. അഥവാ സ്വീകരിക്കയാണെങ്കില്‍ത്തന്നെ അതിനെ വേറെ എന്തെങ്കിലും പേരുവിളിച്ചിട്ടേ പിന്‍വാങ്ങുകയുള്ളൂ!
വിശാലമായ അര്‍ത്ഥത്തില്‍, ഭാരതത്തിലെ സമുന്നതകലാകാരനായ അച്യുതന്‍ കൂടല്ലൂര്‍ തന്റെ രചനാസൗ ഷ്‌ഠവം പ്രകടിപ്പിക്കുന്നത്‌ അമൂര്‍ത്തഭാവം സന്നദ്ധമായിനില്‍ക്കുന്ന താന്ത്രികകലയിലാണെന്നു പറഞ്ഞാല്‍ അതില്‍ സ്‌തബ്‌ധരാകേണ്ട കാര്യമൊന്നുമല്ല. ചോഴശില്‍പകലയിലെ മോട്ടീഫുകളെ തന്റെ ചിത്രങ്ങളില്‍ അഭിമാനപൂര്‍വ്വം സന്നിവേശിപ്പിച്ച കെ സി എസ്‌ പണിക്കരെ ചിത്രകലയിലെ പുരോഗമനാശയത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായിട്ടുതന്നെയാണ്‌ നമ്മള്‍ ഇപ്പോഴും പരിഗണിക്കുന്നത്‌. ഭൂതകാലത്തിന്റെ ഈടുവെപ്പുകളില്‍നിന്നാണ്‌ ആധുനികതയുടെ പൊടിപ്പുകള്‍ തീക്ഷ്‌ണമാവുന്നത്‌ എന്നതിന്‌ ഇത്‌ നല്ല ഉദാഹരണമാണ്‌. ഇത്തരമൊരു വ്യത്യസ്‌തതലത്തില്‍ നിന്നുകൊണ്ട്‌ അച്യുതന്‍ കൂടല്ലൂരിനെ അപഗ്രഥിക്കുകയാണ്‌ അഭികാമ്യം.
രൂപങ്ങളുടെ വടിവുകള്‍ക്ക്‌ നിശ്ചിതമായ നിര്‍വ്വചനമില്ലെങ്കിലും അമൂര്‍ത്തകലയില്‍ നിറവിതാനവും വരസങ്കലനവും പ്രാധാന്യമാര്‍ജ്ജിച്ചുതന്നെനില്‍ക്കുന്നു. രൂപങ്ങളുടെ ധര്‍മ്മം നിറവേറ്റുന്നത്‌ നിറമാണ്‌ എന്നു പറയാം. ഈ മിഴിവ്‌ അച്യുതന്റെ രചനകളില്‍ സജീവമാണ്‌. രേഖകളെക്കുറിച്ചുള്ള വിചാരം നമ്മെ ചൈനീസ്‌കലയിയിലേക്കു ദത്തെടുക്കുന്നു. ``വാക്കുകൊണ്ടല്ല, വരകൊണ്ടാണ്‌ ലോകം നിര്‍മ്മിക്കപ്പെട്ടിരിക്കതുന്നത്‌'' എന്ന വിശ്വാസം ചീനസംസ്‌ കാരത്തിലുണ്ട്‌. അക്കാരത്താല്‍, അവര്‍ ലോകത്തെ ആവിഷ്‌കരിക്കുന്നത്‌ വരകളുടെ മാന്ത്രികമിശ്രണംമൂലമാണ്‌. ഒട്ടേറെ കലാപ്രസ്ഥാനങ്ങള്‍ ചീനസംസ്‌കൃതിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ തലനീട്ടിയെങ്കിലും ആധുനിക ചീനചിത്രകല അവയെയെല്ലാം സ്വാംശീകരിച്ച്‌ തികച്ചും `ചീനം'തന്നെയാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ചിത്രരൂപത്തിലുള്ള പൗരസ്‌ത്യതയുടെ വെളിച്ചമായിരുന്നു അതെല്ലാം. വരകളുടെ നിമന്ത്രണങ്ങള്‍ക്കനുസൃതമായി വര്‍ണ്ണങ്ങളുടെ അനു ഷ്‌ഠാനമൊരുക്കുന്ന അച്യുതന്‍ കൂടല്ലൂരിന്റെ കലയില്‍ പൗരസ്‌ത്യതയുടെ വിശാലമായ ദര്‍ശനം ധ്വനിക്കുന്നുണ്ട്‌. ഇന്ത്യന്‍ ചിത്രകലാരംഗത്ത്‌ വ്യത്യസ്‌തനായി നില്‍ക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുന്നതും അതുകൊണ്ടാണ്‌.
മനുഷ്യശരീരത്തെ ആധാരമാക്കിയാണ്‌ ഭാരതീയകല ആത്മാവിനെപ്പറ്റി ചര്‍ച്ച ചെയ്‌തത്‌ എന്നത്‌ കൗതുകകര മായ വസ്‌തുതയാണ്‌. ശരീരത്തെയും ആത്മാവിനെയും പൂരകമാക്കിയുള്ളവയാണ്‌ അച്യുതന്റെ രചനകളെന്നു തോന്നിപ്പോവും. കാരണം, ആന്തരികമായ സംക്ഷോഭത്തിന്റെയും ഉത്‌കണ്‌ഠയുടെയും ശരീരാധിഷ്‌ഠിതമായ പരിമിതികളുടെയും വേദനകളില്‍നിന്നാണ്‌ ഈ കലാകാരന്റെ രചനകളുടെ ശരീരാത്മകത വെളിപ്പെടുന്നത്‌.
താന്ത്രികകലയുടെ പ്രചോദനമേറ്റ അച്യുതന്‍ കൂടല്ലൂര്‍ ചിത്രകലയിലെ നിറവാണ്‌. ആധുനികത യിലേക്കടുക്കുന്ന ഇത്തരമൊരു ഭാവാന്തരമാണ്‌ അദ്ദേഹത്തെ ഇന്ത്യന്‍ ചിത്രകാരന്മാരില്‍ ശ്രദ്ധേയനാക്കുന്ന ഘടകം. ബുദ്ധകലയിലും ഹൈന്ദവകലയിലും പ്രത്യക്ഷപ്പെട്ട താന്ത്രികതയിലെ നിഗൂഢതത്ത്വശാസ്‌ത്രകല്‍പനകളെ അമൂര്‍ത്തകലാ ബിംബങ്ങളോടു സമന്വയിപ്പിച്ചുകൊണ്ട്‌ അച്യുതന്‍ കൂടല്ലൂര്‍ ആനയിച്ച ആധുനികത ഇന്ത്യന്‍ ചിത്രകലയിലെ വേറിട്ട ഒരു അദ്ധ്യായമാണ്‌ എന്ന വസ്‌തുത ഇനിയും പഠിക്കപ്പെട്ടിട്ടില്ല. പാശ്ചാത്യ അമൂര്‍ത്തതകലയിലെ ജ്യാമിതിയും മറ്റും ഇന്ത്യനവസ്ഥയില്‍ താന്ത്രികകലയുമായിട്ടാണ്‌ ഇഴുകിച്ചേര്‍ന്നത്‌. ഒരു പ്രത്യേക പ്രാദേശികബിംബത്തെ എങ്ങനെ ആഗോളപരമാക്കാം എന്ന ചിന്തയില്‍നിന്നാണ്‌ പിക്കാസോയെയും ഗോഗിനെയും പോലുള്ള വലിയ കലാഭിജ്ഞര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തത്‌. താന്ത്രികതയുടെ സ്വാംശീകരണത്തിലൂടെ അമൂര്‍ത്തതകലയ്‌ക്ക്‌ പുതിയ സാദ്ധ്യത നല്‍കുകയാണ്‌ അച്യുതന്‍ കൂടല്ലൂര്‍. അത്‌ പാശ്ചാത്യ ആധുനികതയുടെയോ മറ്റോ പകര്‍പ്പല്ലാതാവുന്നതും ഇക്കാരണത്താലാണ്‌. നിഗൂഢതയുടെ ഒരു സ്വഭാവം താന്ത്രികകലയ്‌ക്കുണ്ട്‌. ഇതിനെ ആധുനികവല്‍ക്കരിച്ച്‌ പൊതു ഇടമാക്കിമാറ്റിയതിലൂടെ അദ്ദേഹം കലയില്‍ സൗന്ദര്യകലാപത്തിന്‌ തിരികൊളുത്തി. വരകളുടെയും നിറങ്ങളുടെയും ജൈവഗുണത്തെ കേന്ദ്രീകരിച്ചാണ്‌ അദ്ദേഹം ചിത്രാംശത്തിന്റെ പൊരുത്തത്തെ നിര്‍ണ്ണയിച്ചത്‌. മനുഷ്യന്റെ ആന്തരികലോകവും ബാഹ്യലോകവും തമ്മിലുള്ള സംഘര്‍ഷത്തെ കുറിക്കുവാന്‍ തികച്ചും ജൈവമായ താന്ത്രികബലങ്ങളെയാണ്‌ ഈ ചിത്രകാരന്‍ സമര്‍ത്ഥ മായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.
നിഷ്‌ഠാവിരുദ്ധമായ പ്രയോഗത്താല്‍ രചിക്കപ്പെട്ട ഈ ചിത്രങ്ങള്‍ നിറങ്ങളുടെ പ്രത്യയശാസ്‌ത്രസന്നിധിയിലേക്ക്‌ ധര്‍മ്മനിഷ്‌ഠയോടെ കടന്നുചെല്ലുകയും ചിത്രാകാരങ്ങളില്‍ അപൂര്‍വ്വമായൊരു തത്ത്വശാസ്‌ത്രം രൂപപ്പെടുത്തു കയും ചെയ്യുന്നു. വര്‍ണ്ണങ്ങളുടെ സാന്ദ്രതയാല്‍ തന്റെ രചനകള്‍ക്ക്‌ ഒരു മിത്തി ക്കല്‍ പരിവേഷം നല്‍കുവാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. ഒപ്പം, നിറങ്ങള്‍ക്ക്‌ വിപ്ലവാത്മകമായ പൊരുള്‍ എവ്വിധം ആവിഷ്‌കരിക്കാമെന്ന തീവ്രമായ അന്വേഷണവും അവിടെ നടക്കുന്നുണ്ട്‌. അമൂര്‍ത്തകലയിലെ നവീനവും അനന്യവുമായ ഭാവുകത്വമാണ്‌ അച്യുതന്‍ കൂടല്ലൂരിന്റെ കല.






വേനലറുതിയില്‍ ബംഗാളില്‍

കെ പി രമേഷ്‌




വേനലില്‍ കുതിര്‍ന്നുനില്‍ക്കുന്ന ബംഗാളിനെ അടുത്തറിയണമെന്നു നിനച്ചാണ്‌ ഇക്കുറി ഹൗറയില്‍ എത്തിയത്‌. പതിനഞ്ചു വര്‍ഷം മുമ്പ്‌ ഡല്‍ഹിയിലെ രബീന്ദ്രഭവനില്‍ വച്ചു നടന്ന ഒരു ചിത്രപ്രദര്‍ശനത്തിടെ പരിചയപ്പെട്ട പ്രദീപ്‌ഘോഷിനെ പിന്നെ കാണുന്നത്‌ ഇപ്പോഴാണ്‌. രണ്ടുതവണ കല്‍ക്കത്തയില്‍ വന്നിട്ടും അക്കാര്യം തന്നെ അറിയിക്കാഞ്ഞതില്‍ പ്രദീപ്‌ ഇത്തിരി പരിഭവം പ്രകടിപ്പിച്ചിരുന്നു. ഗരിയാഹട്ടില്‍വച്ച്‌ അയാളെ സന്ധിച്ചു. കസ്‌ബയിലെ പുര്‍ബചാല്‍വീഥിയിലെ ഭവനത്തിലേക്ക്‌ അദ്ദേഹം നയിച്ചു. കസ്‌ബയില്‍ ഓട്ടോറിക്ഷ മാറിക്കയറുന്നതിനിടയില്‍ അരികിലുള്ള പീടികയില്‍നിന്ന്‌ ഒരു സലില്‍ചൗധരീ ഗാനം വന്ന്‌ തൊട്ടു. ആദ്യമായി കല്‍ക്കത്തയില്‍ കാലുകുത്തിയപ്പോഴൊന്നും സലില്‍ദാ മനസ്സിലുണ്ടായിരുന്നില്ല. രവീന്ദ്രന്‍, ജെറി അമല്‍ദേവ്‌, ബാബുരാജ്‌, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കൊപ്പം സ്ഥാനമൊന്നും സലില്‍ദായ്‌ക്കുണ്ടെന്നു തോന്നിയിരുന്നില്ല! പക്ഷേ, അന്ന്‌ ബി.ടി.റോഡിലെ ഹെംഡേലേയ്‌നില്‍നിന്ന്‌ ഡംഡംമെട്രോസ്റ്റേഷനിലേക്ക്‌ സൈക്കിള്‍റിക്ഷയില്‍ പോകുമ്പോഴാണ്‌ ``നീയൊരോമല്‍കാവ്യപുഷ്‌പം''പോലുള്ള മലയാളഗാനങ്ങള്‍ ചുണ്ടില്‍ വിടര്‍ന്നത്‌. ബംഗാളിഗാനങ്ങള്‍ കേട്ടുതുടങ്ങുന്ന ആ നിമിഷത്തില്‍നിന്ന്‌ മനസ്സ്‌ മലയാളവും ബംഗാളിയും തമ്മിലുള്ള പാരസ്‌പര്യത്തിലേക്കു പോവുകയായിരുന്നു. കേരളീയര്‍ ഗൃഹാതുരത്വത്തോടെ ഓമനിക്കുന്ന ഒരുപാട്‌ തോണിപ്പാട്ടുകളും (``പെണ്ണാളേ പെണ്ണാളേ'', ``കടലിനക്കരെ പോണോരെ'') ഓണപ്പാട്ടുകളും (``പൂവിളിപൂവിളി'') താരാട്ടുപാട്ടുകളും (``മലര്‍ക്കൊടിപോലെ'', ``ഓമനത്തിങ്കള്‍പ്പക്ഷീ'') പ്രണയഗാനങ്ങളും (``ദേവീദേവീ'', ``വൃച്ഛികപ്പെണ്ണേ'', ``മാനേമാനേ വിളി'') വിരഹഗീതികളും (``നീയും വിധവയോ'', ``ഓര്‍മ്മകളേ കൈവള'') മറുനാട്ടുകാരനായ ഒരാള്‍ ധ്യാനിച്ചെടുത്തതാണെന്ന കുമ്പസാരത്തില്‍ സലില്‍ദായ്‌ക്ക്‌ ഒരു ഇരിപ്പിടം പണിതു. തലേന്ന്‌, പൊയ്‌ലാബൈശാഖ്‌ദിനത്തില്‍, ദക്ഷിണേശ്വറിലെ മഠത്തില്‍നിന്ന്‌ ഹൂഗ്ലീനദിയിലേക്കുള്ള കല്‍പ ടവുകളില്‍ പദമൂന്നുമ്പോള്‍, ഒരു നദി പാലൂട്ടിയ സംസ്‌കാരത്തെ പില്‍ക്കാലഭാരതം എങ്ങനെ ഒരു പ്രത്യേക വര്‍ണ്ണത്തില്‍ ഹൈജാക്ക്‌ ചെയ്‌തുവെന്നോര്‍ത്ത്‌ ഖിന്നനായി.
സലില്‍ ചൗധരിയിലേക്ക്‌ ദത്തെടുത്ത, ബേലൂരിലേക്കുള്ള തോണിയാത്ര ഓര്‍മ്മവന്നു. ഡെക്കില്‍ ആറേഴുപേരുണ്ട്‌. ഉടല്‍സമൃദ്ധികൊണ്ട്‌ നമ്മെ വിഭ്രമിപ്പിക്കുന്ന ബംഗാളിവീട്ടമ്മമാരെപ്പറ്റി ശ്രീകാന്ത്‌ എഴുതിയത്‌ വെറുതെയല്ലെന്നു തോന്നി. അറിയാതെ, സലില്‍ദായുടെ പാട്ട്‌ മൂളി: ``കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമലേ അടങ്ങുകില്ല!'' പെട്ടെന്ന്‌, അരികിലിരുന്ന ഒരു ചേട്ടത്തി ചോദിച്ചു, അത്‌ സലില്‍ദായുടെ പാട്ടല്ലേ എന്ന്‌. പാട്ടിന്റെ മലയാള അര്‍ത്ഥം അവര്‍ക്ക്‌ അറിയാത്തത്‌ എന്റെ ഭാഗ്യം! ഇക്കാര്യം പ്രദീപ്‌ഘോഷിനോടു വിവരിച്ചപ്പോള്‍, ആ പാട്ടിന്‌ ബംഗാളിയില്‍ മാതൃകയുണ്ടെന്ന മറുപടിയാണ്‌ കിട്ടിയത്‌. ആനന്ദമഹല്‍ എന്ന ഹിന്ദിചിത്രത്തില്‍ യേശുദാസ്‌ ആറാടിനിന്ന ``നിസഗമപനി'' എന്ന ഗാനം ബ്ലസ്സിയുടെ കല്‍ക്കട്ട ന്യൂസ്‌?എന്ന സിനിമയില്‍ ഒരു മോട്ടീഫായി ചേര്‍ത്തിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ പ്രദീപ്‌ ചിരിച്ചു. സലില്‍ദായുടെ ശ്രേഷ്‌ഠമായ ഒരു രചനയാണ്‌ ``നിസഗമപനി'' എന്നതാവാം ആ ചിരിയുടെ ഹേതു. ആ വലിയ സംഗീതസംവിധായകനോടൊപ്പം പതിനെട്ടുകൊല്ലം ക്രിയാത്മകമായി പ്രവര്‍ത്തിച്ച ദേബ്‌ജ്യോതിമിശ്രയാണ്‌ ബ്ലസ്സിച്ചിത്രത്തില്‍ ഗാനസംവിധാനവും പശ്ചാത്തലസംഗീതവും നിര്‍വ്വഹിച്ചത്‌ എന്ന കാര്യം ഇതിനോടു ചേര്‍ത്തുവച്ച്‌ വായിക്കാം. ഈ ചിത്രത്തെ സാര്‍ത്ഥകമാക്കിയവരില്‍ പ്രധാനി വേണുഗോപാല്‍ പെരിയങ്ങാട്ടാണെന്ന വസ്‌തുത പലര്‍ക്കും അറിയില്ല. കമല്‍ സംവിധാനം ചെയ്‌ത ``മഴയെത്തും മുമ്പേ'', കമല്‍ഹാസന്‍ അഭിനയിച്ച ``മഹാനദി'' എന്നിവയെക്കാളും കല്‍ക്കത്ത നിറഞ്ഞുനില്‍ക്കുന്നത്‌ ബ്ലെസ്സിച്ചിത്രത്തിലാണ്‌. മധു ജനാര്‍ദ്ദനന്‍ ബാബുരാജിന്റെ ജീവിതകഥ ദൃശ്യവല്‍ക്കരിക്കുന്ന വേളയില്‍ കല്‍ക്കത്തകൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നത്‌ വേറെ കാര്യം. ഹൗറാപ്പാലവും തീവണ്ടിയാപ്പീസും വിക്‌റ്റോറിയാസ്‌മാരകവും മാത്രം മതി കല്‍ക്കത്തയുടെ പ്രതീകങ്ങളാവാന്‍.
പ്രദീപ്‌ഘോഷിന്റെ ഭവനമെത്തി. പത്‌നി ഡാന, മകന്‍ ശ്രീപര്‍ണോ എന്നിവര്‍ അവിടെ ഉണ്ട്‌. ഡാനയും ചിത്രകാരിയാണ്‌. രണ്ടുവഴിക്കുള്ള ചിത്രവഴികളില്‍ ഇവര്‍ ജീവിതം പൂരിപ്പിക്കുന്നു. പലതരം മീനുകള്‍കൊണ്ടുള്ള ബഹുസ്വരമായ കറികളാണ്‌ ഡാന ഉച്ചഭക്ഷണത്തിന്‌ ഒരുക്കിയിട്ടുള്ളത്‌. മത്സ്യാഭിനിവേശവും കമ്യൂണിസാഭിമുഖ്യവുമാണ്‌ ബംഗാളിയെയും മലയാളിയെയും `ദാദ'മാരാക്കുന്നതെന്ന്‌ ഞാന്‍ പറഞ്ഞു. ഡാനയുടെ സഹോദരന്‍ പ്രബുദ്ധ ബാനര്‍ജി സംഗീതജ്ഞനാണെന്നും ദേബ്‌ജ്യോതിയോടൊന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കേട്ടപ്പോള്‍ അത്ഭുതമായി. ബംഗാളിഗാനങ്ങളിലേക്ക്‌ അലിഞ്ഞിറങ്ങിയ സൂഫീ, ബൗള്‍ പാരമ്പര്യത്തെക്കുറിച്ച്‌ ഡാന വിശദീകരിച്ചു. ഊണ്‌ അതീവരുചികരമായി അനുഭവപ്പെട്ടു.


* * * * * *

വേനലില്‍ വന്നുപോകുന്ന മഴപ്പകര്‍ച്ചകള്‍ ഇപ്പോള്‍ ഹൗറയില്‍ മറ്റൊരനുഭൂതിയാവുകയാണ്‌. ശാന്തിനികേതന്‍ എക്‌സ്‌പ്രസ്സില്‍ കയറുമ്പോള്‍ അത്തരമൊരു മഴച്ചാറ്റല്‍ കൈവീശി കടന്നുപോയി. ബര്‍ദ്ദമാനിലെത്തുമ്പോള്‍ മഴ പിന്നെയും കുറുകേ വന്നു.
ബോല്‍പ്പൂരിലെ നട്ടുച്ചയില്‍ ബംഗാളിന്റെ താപഹൃദയത്തിന്റെ സാന്ദ്രതയത്രയും വെളിവായി. പൂര്‍ബപള്ളി ഗസ്റ്റ്‌ഹൗസിന്റെ മുമ്പില്‍ അനൂപ്‌ തെളിഞ്ഞ ചിരിയോടെ നില്‍ക്കുന്നുണ്ട്‌. അവന്റെ പുതിയ ഹെര്‍ക്കുലീസ്‌സൈക്കിളാണ്‌ പിന്നീടുള്ള ദിവസങ്ങളില്‍ എന്നെയുംകൊണ്ട്‌ പാഞ്ഞത്‌. വരുന്ന വഴിക്ക്‌ കെ.ജി.സുബ്രഹ്മണ്യന്റെ വസതി കണ്ടിരുന്നു. മൂന്നുവട്ടം ശാന്തിനികേതനിലെത്തിയിട്ടും ആ വലിയ കലാകാരനെ കാണുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദം ബാക്കിയാവുന്നു. പൂമരങ്ങള്‍ സ്വാഗതംചെയ്യുന്ന അതിഥിമന്ദിരം അതിന്റെ പഴക്കംകൊണ്ട്‌ വിശ്വഭാരതിയുടെ മനസ്സ്‌ പങ്കിട്ടെടുക്കുന്നു. ശയനമുറിയില്‍ പരിഷ്‌കാരങ്ങളൊന്നുമില്ല. മണ്‍പാത കോണ്‍ക്രീറ്റുപാതയ്‌ക്ക്‌ വഴിമാറിക്കൊടുത്ത്‌ സര്‍വ്വകലാശാലാ പരിസരം വെമ്പുന്നതിനെ ഈ മന്ദിരം അത്രകണ്ട്‌ പിന്തുണയ്‌ക്കുന്നില്ല. അവധിക്കാലത്തില്‍നിന്നും മുക്തമായി, വിദ്യാര്‍ത്ഥികള്‍ പുതിയ പ്രവേശനത്തിന്റെ ആശങ്കയില്‍ മുഗ്‌ദ്ധമാവുന്ന സമയമാണിത്‌, വിശ്വഭാരതിയില്‍.
ശ്യാംബോട്ടിയ്‌ക്കപ്പുറത്തുള്ള സൈക്കിള്‍യാത്രയില്‍ ബംഗാള്‍ഗ്രാമങ്ങളുടെ ചൂരുംചൂടും അറിഞ്ഞു. സോനാചുരികനാല്‍ കടന്ന്‌ എത്തുന്ന സ്ഥലം ഒരു കവലയാണ്‌. പ്രാന്തിക്കിലേക്കും കോലാപുക്കൂറിലേക്കും അമര്‍കുടിയിലേക്കുമുള്ള വഴികള്‍ ഇവിടെവച്ച്‌ തിരിയുന്നു. പ്രാന്തിക്‌ റെയില്‍വേസ്റ്റേഷന്‍ മുറിച്ചു കടന്ന്‌, ഓരംപറ്റിനില്‍ക്കുന്ന നിസ്വമായ സന്താള്‍ഗ്രാമങ്ങളിലെ നടുപ്പാതകളിലൂടെ കുറെയേറെ ചെല്ലു മ്പോള്‍ കങ്കാളിത്തല എത്തും. അവിടത്തെ കാളീക്ഷേത്രമാണ്‌ ലക്ഷ്യം. നീണ്ടുപോവുന്ന പാതയും വിജനതയും ദൂരത്തെക്കുറിച്ചു സൂചനയേകി ഇത്തിരി അമ്പരപ്പിച്ചു. കേട്ടതുപോലെയല്ല. ഏഴെട്ടു കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നത്‌ തീര്‍ച്ച. ബംഗാളിലെ വിഖ്യാതമായ കാളീക്ഷേത്രങ്ങളിലൊന്നാണ്‌ കങ്കാളിത്തലയിലേത്‌. മരങ്ങള്‍ കുടനിവര്‍ത്തി നില്‍ക്കുന്ന പരിസരത്താണ്‌ ഈ ക്ഷേത്രം. ചുവന്നനിറത്തോടുള്ള ബംഗാളികളുടെ സജീവമായ ആഭിമുഖ്യം കൊടിതോരണങ്ങളിലും ഭിത്തികളിലെ ചായത്തേപ്പുകളിലും സ്വാമിമാരുടെ വസ്‌ത്രങ്ങളിലും കാണാം. ക്ഷേത്രത്തിനു പിന്നിലുള്ള ചെറിയ കുളത്തിലെ വെള്ളം വല്ലാതെ നിറംകെട്ടുപോയിരിക്കുന്നു. അത്‌ ദേവിയുടെ ഋതുപ്പകര്‍ച്ചയുടെ ദൃഷ്‌ടാന്തമാണെന്നാണ്‌ ഒരു ഭക്തന്റെ വ്യാഖ്യാനം. ആല്‍മരച്ചുവട്ടിലിരിക്കുന്നന ചില സ്വാമിമാരും ഭക്തന്മാരും കഞ്ചാവ്‌ ആഞ്ഞുവലിക്കുന്നതു കണ്ടു. ഭക്തിക്ക്‌ ഇങ്ങനെയും ചില ആവിഷ്‌കാരങ്ങളുണ്ട്‌. തിരിച്ചുവരുമ്പോള്‍, ഫൂല്‍ഡാങ്ങയിലെ ഒരു ചെറിയ ഭക്ഷണശാലയില്‍നിന്ന്‌ രോട്ടിയും ഘോങ്‌ണിയും കഴിച്ചു.
തപന്‍ ബറൂയി, ജോണ്‍ കെന്നറ്റ്‌ എന്നിവരെ പരിചയപ്പെട്ടത്‌ അനൂപിന്റെ മുറിയില്‍വച്ചാണ്‌. ശാന്തിനികേതനിലെ മുന്‍വിദ്യാര്‍ത്ഥികളായ ഈ ശില്‍പികള്‍ ഡെറാഡൂണിലും ബോല്‍പ്പൂരിലുമാണ്‌ എന്നിവിടങ്ങളിലാണ്‌ പഠിപ്പിക്കുന്നത്‌. സംസാരത്തിനിടയില്‍, ഫേണ്‍ഹില്ലും യതിയും നടരാജഗുരുവും വിഷയങ്ങളായി. ഹെര്‍മന്‍ എന്നൊരു ബല്‍ജിയം സായിപ്പ്‌ വിസിറ്റിങ്‌ പ്രഫെസറായി ശാന്തിനികേതനിലുണ്ടെന്നും `നതരാജഗുരു' എന്ന നാമം അദ്ദേഹത്തിന്റെ ജപമാലയാണെന്നും ജോണ്‍കെന്നറ്റ്‌ പറഞ്ഞത്‌ ഹരംപിടിപ്പിച്ചു. കാരണം, ഫേണ്‍ഹില്‍ഗുരുകുലത്തിലെ പറമ്പിന്റെ അറ്റത്തുള്ള മരക്കുടില്‍ നിര്‍മ്മിച്ചത്‌ ഈ ബല്‍ജിയംസ്വദേശിയാണെന്ന്‌ തൊണ്ണൂറുകളുടെ തുടക്കത്തില്‍ അവിടെ എത്തിയപ്പോള്‍ത്തന്നെ ഞാന്‍ കേട്ടിരുന്നു. ആളെ എത്രയും വേഗം കാണണമെന്ന്‌ തിടുക്കപ്പെട്ടു. വഴിയുണ്ടാക്കാമെന്നു ജോണ്‍.
ശാന്തിനികേതനിലേക്കു വരുമ്പോള്‍ ചില ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. അതിലൊന്ന്‌, മുരളി ചീരോത്തിന്റെ പ്രത്യേകാവശ്യപ്രകാരം, അലോക്‌ സോമിനെ കാണുക എന്നതാണ്‌. കോലാപുക്കൂര്‍ഡാങ്ങയിലെ അലോകിന്റെ വീട്‌ കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടിവന്നില്ല. പുള്ളി സര്‍വ്വസമ്മതനാണ്‌. പശപ്പറ്റുള്ള കളിമണ്ണില്‍ക്കുതിര്‍ന്ന മുറ്റത്തു കൂടി ശ്രദ്ധവെച്ചുനടന്ന്‌, വീട്ടിലേക്കു കയറി. ആ വലിയ കലാകാരന്‍ ചിരപരിചിതനോടെന്നപോലെയാണ്‌ സംസാരിച്ചത്‌. ശില്‍പി, ചിത്രകാരന്‍, വാസ്‌തുശില്‍പി, നാടകപ്രവര്‍ത്തകന്‍, ബുക്ക്‌ ഡിസൈനര്‍ തുടങ്ങിയ മേഖലകളിലെല്ലാം തന്റെ മികവ്‌ തെളിയിച്ച കലാകാരനാണ്‌ അദ്ദേഹം. ശാന്തിനികേതനിലെ കലാഭ്യസനത്തിനു ചേര്‍ന്നുവെങ്കിലും തന്റെ വഴിയും ചിന്തയും വേറെയാണെന്നു ബോദ്ധ്യപ്പെട്ടതിനാല്‍ അദ്ദേഹത്തിന്‌ അവിടെനിന്ന്‌ പുറത്തുകടക്കേണ്ടിവന്നു. അലോക്‌ സ്വന്തമായി നിര്‍മ്മിച്ച സവിശേഷമായ ഈ കൊച്ചുവീട്‌ ചെറിയ കുട്ടികള്‍ക്കുള്ള പാഠ്യപദ്ധതിരഹിതപാഠശാലയും, വലിയ കലാകാരന്മാരുടെ സംഗമസ്ഥലിയും ആണ്‌. നിഴല്‍നാടക-പാവക്കൂത്ത്‌ രംഗത്തെ പ്രതിഭയായ രാധാകുമുദ്‌ശര്‍മ്മ ആ വീട്ടിലുണ്ട്‌. നളന്ദയില്‍ ജനിച്ചുവളര്‍ന്ന ശര്‍മ്മയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്‌ നേപ്പാളിലാണെങ്കിലും എഴുപതുവയസ്സു തോന്നിക്കുന്ന ഇദ്ദേഹം തന്റെ കലായാത്രുമായി ഇന്ത്യ മുഴുവന്‍ അലയുന്നു. ഇദ്ദേഹത്തെപ്പറ്റി വരുണ്‍ ചതോപാദ്ധ്യായ്‌ ``മാന്‍ ഒഫ്‌ എ ഷാഡോ'' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി എടുത്തിട്ടുണ്ട്‌. ജീവിതത്തെത്തന്നെ കലാപ്രവര്‍ത്തനമാക്കി മാറ്റിയ അലോകും ശര്‍മ്മയും `ഉപഭോഗസിദ്ധാന്ത'ത്തില്‍ അമര്‍ന്നിരിക്കുന്ന നമുക്ക്‌ അത്രവേഗം പിടിതരുന്നവരല്ല.

ഹെര്‍മന്റെ കാര്യം പറഞ്ഞപ്പോള്‍, തനിക്ക്‌ ആളെ അറിയാമെന്നും തൊട്ടടുത്ത ഗ്രാമത്തിലാണ്‌ അദ്ദേഹം താമസിക്കുന്നതെന്നും അലോക്‌ദാ അറിയിച്ചു. ശര്‍മ്മ അവിടേക്ക്‌ നയിച്ചു. മൂപ്പര്‌ ബോല്‍പ്പൂരിലേക്കു പോയിരിക്കയാണെന്ന്‌ ഹെര്‍മന്റെ ഭാര്യ പറഞ്ഞു. വൈകീട്ടു വരുമെന്ന്‌ ശര്‍മ്മയെ അറിയിച്ച്‌ യാത്രയാക്കി.
സോനാചുരിക്കനാലിന്റെ വലവതുവശത്തുള്ള പാതയിലൂടെ അമര്‍കുടിയിലേക്കു പോയി. നിരവധി കുളങ്ങള്‍ ഇവിടെ ഉണ്ട്‌. ബംഗാളികള്‍ക്ക്‌ പ്രിയപ്പെട്ട മീനുകള്‍ വളരുന്നത്‌ ഇത്തരം ജലാശയങ്ങളിലാണ്‌. വിചിത്രരൂപികളായ വൃക്ഷങ്ങളുടെ കടാക്ഷങ്ങളും നിര്‍ബാധം ചരിക്കുന്ന പക്ഷികളുടെ ചിലമ്പലുകളും പശ്ചാത്തലമൊരുക്കുന്ന മണ്‍പാതകള്‍. അവിടേക്ക്‌ ചിലപ്പോഴൊക്കെ തലനീട്ടുന്ന മനുഷ്യരും സൈക്കിളുകളും റിക്ഷകളും.
കോപ്പായ്‌നദീതീരത്തെ അമര്‍കുടിയിലേക്കുള്ള മണ്‍പാതയ്‌ക്കൊന്നും പരിഷ്‌കാരം തീണ്ടിയിട്ടില്ല. ആടുകളെ മേയ്‌ക്കുന്നവരുടെ ശബ്‌ദം പൊന്തക്കാടുകളുടെ ഇടയില്‍നിന്നും കേള്‍ക്കാം. കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മ്മാണശാലയാണ്‌ അമര്‍കുടിയിലെ മുഖ്യകേന്ദ്രം. മുറ്റത്ത്‌ രബീന്ദ്രനാഥ്‌ റ്റാഗോറിന്റെ പൂര്‍ണ്ണകായശില്‍പം കാണാം. ഈ ശില്‍പം നിര്‍മ്മിച്ചത്‌ മലയാളിയും റാഡിക്കല്‍പ്രസ്ഥാനത്തിന്റെ പ്രണേതാവും ആയിരുന്ന കെ.പി.കൃഷ്‌ണകുമാറാണ്‌. കേരളീയരായ വിദ്യാര്‍ത്ഥികള്‍ തെല്ല്‌ അനുഷ്‌ഠാനപരമായിട്ടാണ്‌ ഈ മുന്‍ഗാമിയുടെ കലാസൃഷ്‌ടി തേടിയെത്തുന്നത്‌.
വൈകീട്ട്‌, ജോണ്‍ കെന്നറ്റിന്റെ വണ്ടിയില്‍ ഹെര്‍മനെ തേടി പോയി. അപ്പോഴും ആള്‍ എത്തിയിട്ടില്ല. കോപ്പായ്‌പ്പാലത്തിനടുത്ത്‌ ചായകുടിച്ച്‌ കുറേ നേരം ഇരുന്നു. നിസ്സാരവിലയ്‌ക്ക്‌ അപായകരമായ വാറ്റുചാരായം കിട്ടുന്ന സ്ഥലമാണതെന്ന്‌ മനസ്സിലായി. വീണ്ടും ഹെര്‍മന്റെ ഗ്രാമത്തിലെത്തി. നീണ്ടനടത്തത്തിന്റെ ക്ലേശവുമായി അദ്ദേഹം എത്തി. ഹെര്‍മന്‍ വാന്‍ ഹെക്കേ എന്നാണ്‌ പൂര്‍ണ്ണനാമം. കലാചരിത്രത്തിലും തത്ത്വശാസ്‌ത്രത്തിലും മറ്റുമായി അദ്ദേഹം ഒരുപാട്‌ ഉന്നതബിരുദങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ജീവിതത്തിന്റെ പുതിയ ഈടുവെപ്പുകളില്‍ അതെല്ലാം അദ്ദേഹത്തിനു കൈമോശം വന്നുവെന്നുവേണം പറയാന്‍. പക്ഷേ, നിരാശ പകുത്തെടുക്കാത്ത മനസ്സോടെയാണ്‌ അദ്ദേഹം ജീവിക്കുന്നത്‌.
നടരാജഗുരുവിന്റെ വാക്കിലും ചിന്തയിലും ആകൃഷ്‌ടനായി ഭാരതത്തിലെത്തിയ ഹെര്‍മന്‌ യതിയെയും ജോണ്‍സ്‌പിയേഴ്‌സിനെയും ഴങ്‌ ലഷാറിനെയും മറ്റും ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ വിഷമമില്ല. മനസ്സില്‍ ഒരു സന്യാസി ബാക്കിനില്‍ക്കുന്നതുകൊണ്ടാവാം, ഇന്ത്യയുടെ പ്രാചീനസന്ധ്യകളെയാണ്‌ അദ്ദേഹം നമിക്കുന്നത്‌. അതുകൊണ്ടുതന്നെ, ഈ വീട്ടില്‍ വൈദ്യുതിയോ ഗ്യാസോ ഫോണോ ഒന്നുമില്ല. രണ്ടു ചെറിയ മുറികള്‍. പടംവരപ്പിന്റെ ധ്യാനത്തിലാണിപ്പോള്‍. കിണറ്റിനോടു ചേര്‍ന്നുള്ള ഹാളാണ്‌ അദ്ദേഹത്തിന്റെ സ്റ്റൂഡിയോ. പൂര്‍ത്തിയാക്കിയ ഒരു വലിയ ചിത്രം അദ്ദേഹം മുറ്റത്തു കൊണ്ടുവന്ന്‌ കാണിച്ചു. നാട്ടുവെട്ടം പൊലിയുന്ന ആ നേരത്ത്‌ പ്രസ്‌തുത ചിത്രത്തിന്റെ വര്‍ണ്ണവിതാനമൊന്നും വ്യക്തമായില്ല. ചിത്രങ്ങളാണ്‌ അദ്ദേഹത്തിന്റെ വരുമാനമാര്‍ഗ്ഗം. അനാഥയായ ഒരു സന്താളിസ്‌ത്രീയെയും അവ രുടെ മകനെയും ഹെര്‍മന്‍ തന്റെ ലളിതമായ ജീവിതത്തിലേക്ക്‌ സ്വീകരിക്കുകയായിരുന്നു. നിത്യരോഗിയായ ആ കുട്ടി മരിച്ചുപോയി. ആ ഗ്രാമീണജീവിതത്തില്‍ ആഴ്‌ന്നിറങ്ങി പാട്ടുപാടിയും ചിത്രംവരച്ചും ബാഞ്‌ജോ മീട്ടിയും ഹെര്‍മന്‍ പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നു.
മഴ ആഞ്ഞു വലയെറിഞ്ഞുപൊതിഞ്ഞ സന്ദര്‍ഭങ്ങള്‍ പിന്നെയും വന്നു. സന്താള്‍പ്പാഴ പിന്നിട്ട്‌, ദുര്‍ഗ്ഗാപ്പൂരിലേക്കുള്ള പാത മുറിച്ചുകടന്ന്‌ സിയൂരിയിലേക്കു പോകുമ്പോള്‍ മഴയുടെ കേളികൊട്ട്‌ തുടങ്ങി. വഴിയില്‍ ഒരുപറ്റം പശുക്കളെ വകഞ്ഞുമാറ്റി, പുല്ലും ചാണകവും മണക്കുന്ന വീടുകള്‍ക്കരികിലൂടെ സൈക്കിള്‍ വെട്ടിച്ചുപോവുക പ്രയാസമായിരുന്നു. തന്റെ ഉടമസ്ഥന്റെ വീട്ടുപടിക്കലെത്തുമ്പോള്‍ ഓരോ പശുവും അത്‌ കൃത്യമായി തിരിച്ചറിഞ്ഞ്‌ അകത്തേക്ക്‌ അപ്രത്യക്ഷമാകുന്നു. അതു കാണുമ്പോള്‍, വീടണയാത്തവന്റെ വെമ്പല്‍ രൂക്ഷമാകുന്നു. റ്റെറാക്കോട്ടയില്‍ നിര്‍മ്മിച്ച കാളിക്ഷേത്രത്തിനു മുമ്പില്‍ എത്തി. മഴയുടെ വിങ്ങല്‍ പിടിച്ചുനിര്‍ത്താനായില്ല. അത്‌ മതിമറന്ന്‌, ഒന്നും ഒളിച്ചുവെക്കാതെ പെയ്‌തു. ഇടിമിന്നല്‍ ശക്തിയായപ്പോള്‍, അടുത്തു കണ്ട ആളൊഴിഞ്ഞ ഒരു ജമീന്ദാര്‍ഭവനത്തില്‍ കയറിപ്പറ്റി. രണ്ടു മണിക്കൂറോളം പെയ്‌ത്‌, മാനത്ത്‌ കാര്‍മേഘം ബാക്കിവെച്ച്‌ മഴ പോയി. മഴയാല്‍ ആദേശംചെയ്യപ്പെട്ട നാട്ടുപാതയിലൂടെ തിരിച്ചുവന്നു. ആ വഴികളെല്ലാം ശാന്തിനികേതനിലേക്കാണ്‌.
ശാന്തിനികേതനിലെ മനുഷ്യര്‍ക്കു മാത്രമല്ല മരങ്ങള്‍ക്കും സവിശേഷതയുണ്ട്‌. മനുഷ്യനും പ്രകൃ തിയും തമ്മിലുള്ള സംലയനമാണ്‌ അതിലെ വിശേഷഭാവം. കല്‍ക്കത്താനഗരത്തില്‍, ജൊറാസങ്കോയില്‍, പ്രഭുത്വത്തിന്റെ സൗഖ്യമെല്ലാമനുഭവിച്ച രബീന്ദ്രനാഥ്‌ റ്റാഗോറിന്റെ ജീവിതത്തില്‍ വഴിത്തിരിവ്‌ സംഭവിച്ചത്‌ പിതാവ്‌ അദ്ദേഹത്തെ പത്മാനദിക്കരയിലുള്ള കൃഷിയിടങ്ങള്‍ നോക്കിനടത്താന്‍ നിര്‍ബന്ധിച്ചപ്പോഴാണ്‌. അന്നുവരെ താന്‍ കണ്ട മനുഷ്യജീവിതത്തെ മാറ്റിവായിക്കുവാന്‍ അദ്ദേഹം പ്രേരിതനായി. പ്രകൃതിയെന്നത്‌ മനുഷ്യന്റെയുള്ളില്‍ വാഴുന്ന ഒന്നാണെന്നും, അവിടത്തെ സാധാരണക്കാരുടെ കലയും അവരുടെ ജീവി തവും തമ്മില്‍ ഭിന്നതയില്ലെന്നും സ്വാനുഭവപ്രകാശത്തില്‍ അദ്ദേഹം തിരിച്ചറിയുന്ന ഘട്ടം ഇന്ത്യന്‍ സാംസ്‌കാരികമണ്ഡലത്തിലും തത്ത്വചിന്തയിലും നവവിഭാതം തുറന്നു. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി പരിണമിച്ചതുപോലൊന്ന്‌ റ്റാഗോറിന്റെ ജീവിതത്തിലും ഉദിച്ചു. പ്രണയകവിതകള്‍ സൂക്ഷ്‌മവും സരളവുമായ വിതാനത്തിലേക്ക്‌ പടവുകള്‍ ഉയര്‍ത്തി. ഇന്ത്യന്‍ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ, ലോക ത്തിലെ കലയും സാഹിത്യവും സംസ്‌കാരവും ബംഗാളിന്റെ മണ്ണില്‍, വിശ്വഭാരതിയില്‍ സമന്വയത്തിന്റെ പുതിയ വിത്തുകള്‍ പാകി. ബൗള്‍-സൂഫീഗാനമാതൃകകളും അവധൂതന്മാരുടെ ചര്യകളും റ്റാഗോറില്‍ തെളിയുകയും രചനകളില്‍ സാര്‍ത്ഥകമാവുകയും ചെയ്‌തു. ഗോത്രസംഗീതത്തെയും ഹിന്ദുസ്ഥാനിസംഗീതത്തെയും ഇണക്കിക്കൊണ്ട്‌ റ്റാഗോര്‍ സൃഷ്‌ടിച്ച രബീന്ദ്രസംഗീതം ഒരു നാടിന്റെ ജീവല്‍ത്തുടിപ്പുകളുടെ ആവിഷ്‌കാരമായി മാറുകയാണുണ്ടായത്‌.

ശാന്തിനികേതനില്‍ ബിരുദം നല്‍കുന്നത്‌ ഏഴിലംപാലയുടെ ഇലകള്‍കൊണ്ട്‌ തികച്ചും പ്രതീകാത്മകമായിട്ടാണ്‌. ഇത്‌ തുടങ്ങിവച്ചത്‌ നന്ദലാല്‍ ബോസ്‌ ആണ്‌. ``വൃക്ഷങ്ങള്‍ ഭൂമിയുടെ പ്രാര്‍ത്ഥനകള്‍'' എന്ന റ്റാഗോറിയന്‍ കല്‍പനയ്‌ക്ക്‌ ഇതിലേറെ അന്വയം ആവശ്യമില്ലല്ലോ. മനുഷ്യന്‍ കൈകളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതിനു തുല്യമാണ്‌ മണ്ണില്‍ മരങ്ങള്‍ നില്‍ക്കുന്നതെന്ന്‌ നമുക്ക്‌ ശാന്തിനികേതനിലെ മരങ്ങള്‍ ക്കിടയിലൂടെയുള്ള നടത്തത്തില്‍നിന്നു ബോദ്ധ്യമാവും. മരച്ചുവട്ടിലെ അദ്ധ്യയനത്തിന്‌ ഒരു ക്ലാസിക്കല്‍ പരിവേഷമുണ്ട്‌. ചരിത്രത്തില്‍നിന്ന്‌ ഭാവിയിലേക്കുള്ള വിദ്യാപ്രകാശത്തിന്റെ ഇടത്താവളമാണ്‌ ഈ വിശ്വവിദ്യാലയം.
ജയദേവകവിയുടെ ജന്മദേശമായ കെന്ദുളി, ഞെട്ടിപ്പിക്കുന്ന താന്ത്രികാനുഷ്‌ഠാനങ്ങള്‍ നടമാടുന്ന താരാപീഠ്‌ എന്നീ ലക്ഷ്യങ്ങള്‍കൂടിയുണ്ടായിരുന്നു ഈ യാത്രയ്‌ക്ക്‌. അത്‌ സഫലമായില്ല. ശാന്തിനികേതന്റെ പരിസരത്തും നാഗപൂജ നടക്കുന്ന അജോയ്‌നദിക്കരയിലെ ഗ്രാമത്തിലും കങ്കാളിത്തലയിലും മറ്റും അത്രമേല്‍ അലഞ്ഞതുകൊണ്ട്‌ സമയം തികയാതെ വന്നു. ജനുവരിമധ്യത്തിലെ ജയദേവ-ബൗള്‍മേളയ്‌ക്കായി കാത്തിരിക്കുന്നു. എല്ലാ യാത്രകളും എന്തെങ്കിലും ബാക്കിയാക്കുന്നുണ്ടല്ലോ വ്യക്തിയിലും വ്യഷ്‌ടിയിലും. ശാന്തിനികേതനിലെ കറുത്തചായം പുരണ്ട സംഗീതഭവനിലെ ഭിത്തികളേ, കലാഭവനിലെ വശ്യമനോഹര ചുവര്‍ച്ചിത്രങ്ങളേ, നടവഴിയില്‍ ആടിയുലയുന്ന വൃക്ഷങ്ങളേ, പൂക്കളും കുളിരും പ്രണയവും ചൊരിയുന്ന ഇടവഴികളേ - നന്ദി.

-----------------------------------------------------------------------------------------------




കെ.പി.രമേഷ്‌, പൂങ്ങോട്ടുവീട്‌, അയിലൂര്‍-പി.ഒ, പാലക്കാട്‌. 678510. ഫോണ്‍: 9447315971.